കോഴിക്കോട് : വിവിധ മത്സരങ്ങളും കലാപരിപാടികളുമായി കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷം. പൂക്കള മത്സരം, പായസ പാചക മത്സരം, വടം വലി, ഉറിയടി മത്സരം ഉൾപ്പെടെ വിവിധ പരിപാടികൾ നടന്നു. അംഗങ്ങളുടെയും കുടും ബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

ഐ.എം.എ. ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജർ മുകുൽ ശശിധരൻ, പി.ആർ.ഡി ഡപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ ബാലൻ മാസ്റ്റർ, പത്രപ്രവർത്തക യൂണിയൻ സ്ഥാന സെക്രട്ടറി അഞജന ശശി, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോർജ്, സംഘാടക സമിതി കൺവീനർ സനോജ് കുമാർ ബേപ്പൂർ, പ്രസ് ക്ലബ് ട്രഷറർ പി.വി നജീബ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.

പൂക്കള മൽസരത്തിൽ ദേശാഭിമാനി ഒന്നും മാതൃഭൂമി രണ്ടും മീഡിയവൺ മൂന്നും സ്ഥാനം നേടി. പായസ പാചക മൽസരത്തിൽ സപ്ന അജീഷ്, വി സി പ്രമോദ്കുമാർ, അഞ്ജന ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സമ്മാനം കരസ്ഥമാക്കി. പന്തീരാങ്കാവ് ധ്വനി തരംഗം കലാസമിതി അവതരിപ്പിച്ച ശിങ്കാരിമേളവുമുണ്ടായിരുന്നു.






