cltpressclub

കാലിക്കറ്റ്‌ പ്രസ് ക്ലബിന്പുതിയ മുഖം,അകം

കഴിഞ്ഞ 50 വർഷത്തിലേറെയായി കോഴിക്കോട്ടെ  മാധ്യമ പ്രവർത്തകരുടെ പ്രധാന ഒത്തുചേരൽ ഇടവും  വാർത്താ കേന്ദ്രവുമായി നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ കെട്ടിടത്തിൻ ഇനി പുതിയ മുഖവും അകവും. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനം കൂടിയായ  പ്രസ് ക്ലബ്ബ്‌ കെട്ടിടം നവീകരിച്ചത്‌.

ആസ്റ്റർ ഡി. എം ഹെൽത്ത്‌കെയറാണ് നവീകരണ ജോലികൾ പൂർണ്ണമായും ഏറ്റെടുത്തത്‌. താഴത്തെ നിലയില്‍ ഓഫീസ് സൗകര്യങ്ങളും ഒന്നാം നിലയില്‍ വിസിറ്റേഴ്‌സ് ലോഞ്ചും വാഷ്‌റൂമും വര്‍ക്ക് സ്‌റ്റേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവനായും എ.സി.പി. പാനല്‍ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി. പ്രസ്‌ക്ലബിലെത്തുന്ന പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വ്യക്തമാക്കി.

നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2023 സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട്‌  പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.മുതലക്കുളം മൈതാനത്ത്‌ നടന്ന ചടങ്ങിൽ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായി.

1970 നവംബര്‍ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണു കാലിക്കറ്റ് പ്രസ്‌ക്ലബിന് തറക്കല്ലിട്ടത്‌. 1971 ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ ഒറ്റനില കെട്ടിടത്തിൽ പ്രസ് ക്ലബ്ബിന്റെ ഓഫീസ് പ്രവര്‍ത്തനം  തുടങ്ങി.  പിന്നീട്‌ പലഘട്ടങ്ങളായി വികസിപ്പിച്ചാണു ഇന്നത്തെ അഞ്ചുനില കെട്ടിടമായി ഉയർന്നത്‌.

 മാധ്യമങ്ങൾ സത്യത്തിൻ്റെ പ്രചാരകരായി മാറണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാധ്യമ പ്രവർത്തനം ഇന്നുവരെ കാണാത്ത സമാനതകളില്ലാത്ത വെല്ലുവിളികളെ നേരിട്ട്ക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വർധിച്ചു വരുന്ന കാലത്ത് അച്ചടി മാധ്യമങ്ങളുടെ ഭാവി ആശങ്കാജനകമാണ്.  വിഷ്വൽ മീഡിയയും വലിയ പ്രതിസന്ധി നേരിടുന്നു.മാധ്യമങ്ങളുടെ നിലനിൽപ്പിൽ പരസ്യങ്ങൾ നിർണ്ണായക ഘടകമായി മാറി. വാർത്തകൾ നിർണയിക്കുന്നത്  മാർക്കറ്റിങ് മേഖല ആവുന്ന സ്ഥിതി വിശേഷമാണ്. സർക്കരിനെ വിമർശിക്കേണ്ടത് അനിവാര്യമാണ്. അതേ പോലെ തന്നെ സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പൊതു ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആ നവ മാധ്യങ്ങളിലൂടെ പുതുതലമുറക്ക് ലഭിക്കുന്നത് ശരിയായ അറിവുകളാണോ എന്നത് അശങ്കാജനകമാണ് എന്നും വായനയുടെ ലോകത്തേക്ക് അവരെ തിരികെ കൊണ്ടുവരുന്നതിന്  ക്രിയാത്മകമായ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും മുഖ്യാതിഥിയായി സംസാരിച്ച ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഡോ. ആസാദ് മൂപ്പന് പ്രസ് ക്ലബിൻ്റെ  ഉപഹാരം മന്ത്രി റിയാസ് കൈമാറി.മാധ്യമ പ്രവർത്തകർക്കുള്ള മിംസ്‌ പ്രസ്‌ ഹെൽത്ത്‌ കാർഡിന്റെ റീലോഞ്ചിംഗ്‌  ഡോ. ആസാദ്‌ മൂപ്പൻ നിർവ്വഹിച്ചു. പ്രസ്ക്ല ബ്ബ്‌ പ്രസിഡന്റ്‌ എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. 

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഷജില്‍ കുമാര്‍, അഞ്ജന ശശി, ആസ്റ്റർ മിംസ് വൈസ് പ്രസിഡൻ്റ് ഫർഹാൻ യാസീൻ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് സ്വഗതവും ട്രഷറർ പി.വി നജീബ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ബാവുല്‍ ഗായകന്‍ ഹര്‍ദിന്‍ ദാസ് ബാവുളിന്റെ സംഗീത പരിപാടിയും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *