പി. അരവിന്ദാക്ഷന്‍ അവാര്‍ഡ്‌ രജി ആര്‍.നായര്‍ക്ക്‌

കോഴിക്കോട്‌ : കാലിക്കറ്റ്‌ പ്രസ്‌ ക്ലബിന്റെ ആദ്യ പ്രസിഡന്റായിരുന്ന പി. അരവിന്ദാക്ഷന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ്‌എഡിറ്റര്‍ രജി ആര്‍ നായര്‍ക്ക്‌. 2023ല്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ജനറല്‍ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്‌ 20000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌. 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാണുന്നുണ്ടോ ജീവന്‍ കാത്തിരിക്കുന്നവരെ എന്ന വാര്‍ത്താപരമ്പരയ്‌ക്കാണ്‌ പുരസ്‌കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജോണ്‍ മുണ്ടക്കയം, കെ ബാബുരാജ്‌, എ സജീവന്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം ഫിറോസ്‌ ഖാനും സെക്രട്ടറി പിഎസ്‌ രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവയവദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന തണുപ്പന്‍ സമീപനവും പരമ്പര ആഴത്തില്‍ പഠിച്ച്‌ ചൂണ്ടിക്കാട്ടുന്നതായി ജൂറി വിലയിരുത്തി. പി. അരവിന്ദാക്ഷന്റെ കുടുംബമാണ്‌ കാലിക്കറ്റ്‌ പ്രസ്‌ക്ലബുമായി ചേര്‍ന്ന്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കോഴിക്കോട്‌ സ്വദേശിനിയായ രജി ആര്‍ നായര്‍ 2009 മുതല്‍ മാതൃഭൂമിയിലുണ്ട്‌.

എ.ശോഭന ടീച്ചറുടേയും പരേതനനായ പി രാധാകൃഷ്‌ണന്‍ നായരുടേയും മകളാണ്‌. ഭര്‍ത്താവ്‌ ആര്‍ രഞ്‌ജിത്ത്‌ ദേശാഭിമാനിയില്‍ മാധ്യമ പ്രവര്‍ത്തകനാണ്‌. മകന്‍: ഋതുനന്ദന്‍. രാംനാഥ്‌ ഗോയങ്ക്‌ പുരസ്‌കാരം (2011),യുണൈറ്റഡ്‌ നാഷന്‍സ്‌ പോപ്പുലേഷന്‍സ്‌ ഫെസ്റ്റിന്റെ ലാഡ്‌ലി മീഡിയ അവാര്‍ഡ്‌ (2010) കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരം (2011) എന്‍എന്‍ സത്യവ്രതന്‍ പുരസ്‌കാരം (2013) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നമ്മുടെ ആരോഗ്യം പുരസ്‌കാരം (2011) അവയവദാന സമിതിയുടെ റെഡ്‌ റിബണ്‍ അവാര്‍ഡ്‌ (2015) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *