പി ഉണ്ണിക്കൃഷ്‌ണന്‍ അവാര്‍ഡ്‌ ബിഎല്‍ അരുണിന്‌

കോഴിക്കോട്‌ : 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ പി ഉണ്ണിക്കൃഷ്‌ണന്‍ അവാര്‍ഡിന്‌ മനോരമ ന്യൂസ്‌ സീനിയര്‍ കറസ്‌പോണ്ടന്റ്‌ ബിഎല്‍ അരുണ്‍ അര്‍ഹനായി. പിടിഐ ജനറല്‍ മാനേജരായിരുന്ന പി ഉണ്ണിക്കൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ്‌ പ്രസ്‌ക്ലബും ചേര്‍ന്ന ഏര്‍പ്പെടുത്തിയതാണ്‌ 15000രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാര്‍ഡ്‌.

2023 ഒക്ടോബര്‍ 15ന്‌ സംപ്രേഷണം ചെയ്‌ത പാലക്കാട്‌ കൊടുന്തിരപ്പള്ളി സ്വദേശി വിശ്വജിത്തിന്റെ കായിക അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കാണ്‌ പുരസ്‌കാരം. സ്വന്തമായി കൃഷി ചെയ്‌തുണ്ടാക്കിയ പണം വിനിയോഗിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ സ്‌പോര്‍ട്‌സ്‌ അക്കാദമി തുടങ്ങി വിജയം കൈവരിച്ച മുന്‍ കായികാധ്യാപകന്‍ നിരവധി കുരുന്നുകളെ ദേശീയ സംസ്ഥാന മെഡല്‍ നേട്ടത്തിനുടമകളാക്കി എന്നതാണ്‌ വാര്‍ത്തയുടെ കാതല്‍. മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരായ പിടി നാസര്‍, കെപി രമേഷ്‌, കാലിക്കറ്റ്‌ സര്‍വ്വകലാശാല ജേണലിസം മാസ്‌ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. എന്‍ മുഹമ്മദലി എന്നിവരടങ്ങുന്ന ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ ജേതാവിനെ നിര്‍ണയിച്ചതെന്ന്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റെ എം ഫിറോസ്‌ഖാനും സെക്രട്ടറി പിഎസ്‌ രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം കോളിയൂര്‍ സ്വദേശിയായ ബിഎല്‍ അരുണ്‍ 17 വര്‍ഷമായി മാധ്യമ പ്രവര്‍ത്തന രംഗത്തുണ്ട്‌. 2007ല്‍ ജീവന്‍ ടിവിയിലാണ്‌ തുടക്കം. തുടര്‍ന്ന്‌ ജയ്‌ഹിന്ദ്‌ ടിവിയിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ മനോരമ ന്യൂസില്‍. ഇപ്പോള്‍ പാലക്കാട്‌ ബ്യൂറോയില്‍ സീനിയര്‍ കറസ്‌പോണ്ടന്റ്‌. സര്‍ക്കാരിന്റെ മൂന്ന്‌ സംസ്ഥാന മാധ്യമ പുരസ്‌കാരം ഉള്‍പ്പെടെ 30ലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. ഭാര്യ വിവി സായി വിനീത, മകള്‍ എവി സായി ഉപാസന.

Leave a Comment

Your email address will not be published. Required fields are marked *