തെരുവത്ത്‌ രാമന്‍ അവാര്‍ഡ്‌ മാധ്യമം എഡിറ്റര്‍ വി എം ഇബ്രാഹിമിന്‌

കോഴിക്കോട്‌ : മലയാളദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുളള കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ 2023ലെ തെരുവത്ത്‌ രാമന്‍ അവാര്‍ഡിന്‌ മാധ്യമം എഡിറ്റര്‍ വിഎം ഇബ്രാഹിം അര്‍ഹനായി. 2023 ഫെബ്രുവരി 14ന്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച മലയാളി എങ്ങനെ നിവര്‍ന്ന്‌ നില്‍ക്കും എന്ന മുഖപ്രസംഗത്തിനാണ്‌ അവാര്‍ഡ്യ 15000രൂപയും പ്രശസ്‌തി പത്രിവും അടങ്ങുന്ന അവാര്‍ഡ്‌ പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത്‌ രാമന്റെ സ്‌മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്‌. പ്രമുഖ മാധ്യമ നീരീക്ഷകന്‍ ഡോ. സെബാസ്‌റ്റിയന്‍ പോള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ബാലകൃഷ്‌ണന്‍, പ്രസ്‌ക്ലബ്‌ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ വിഇ ബാലകൃഷ്‌ണന്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡിന്‌ അര്‍ഹമായ മുഖപ്രസംഗം തിരഞ്ഞെടുത്തത്‌.

VM Ibrahim Madhyamam Editor

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിന്‌ വന്ന ഭാര്യക്ക്‌ കൂട്ടിരിക്കാനെത്തിയ വയനാട്ടിലെ വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിനെ സെക്യൂരിറ്റി ജീവനക്കാരും ആള്‍ക്കൂട്ടവും ചേര്‍ന്ന്‌ മോഷണക്കുറ്റമാരോപിച്ച്‌ മര്‍ദിച്ചതിനെ തുടര്‍ന്ന്‌ കാണാതാവുകയും പിറ്റേന്നാള്‍ മെഡിക്കല്‍ കോളേജിന്‌ സമീപം ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌ത സംഭവമായിരുന്നു മുഖപ്രസംഗത്തിന്റെ വിഷയം. ആള്‍ക്കൂട്ടം കുറ്റവും ശിക്ഷയും വിധിക്കുകയും പോലീസും നിയമവും നിസ്സംഗം നോക്കിനില്‍ക്കുകയും ചെയ്‌ത കിരാതസംഭവത്തിനെതിരായ പ്രതികരണമായിരുന്നു മലയാളി എങ്ങനെ നിവര്‍ന്നു നില്‍ക്കും എന്ന മുഖപ്രസംഗം. ഗുരുതരമായ സാമൂഹിക വിപത്തിനെതിരെ തീവ്രവും തീക്ഷണവവുമായ ഭാഷയില്‍ എഴുതിയ യുക്തിഭദ്രമായ വിമര്‍ശനമാണ്‌ ഈ മുഖപ്രസംഗത്തെ ശ്രദ്ധേയമാക്കുന്നതെന്ന്‌ ജൂറി വിലയിരുത്തി. ഇത്‌ രണ്ടാം തവണയാണ്‌ വിഎം ഇബ്രാഹിമിന്‌ തെരുവത്ത്‌ രാമന്‍ അവാര്‍ഡ്‌ ലഭിക്കുന്നത്‌. 2021ല്‍ മനുഷ്യത്വം കുരിശേറുമ്പോള്‍ എന്ന മുഖപ്രസംഗത്തിനായിരുന്നു അവാര്‍ഡ്‌.

2001 ജൂണില്‍ മാധ്യമത്തില്‍ എസി എക്‌സിക്യൂട്ടീവ്‌ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വിഎം ഇബ്രാഹിം മാധ്യമത്തിലും ഗള്‍ഫ്‌ മാധ്യമത്തിലും എക്‌സിക്യൂട്ടീവ്‌ എഡിറ്ററായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പത്രാധിപര്‍. ചെകുത്താനും ചൂണ്ടുവിരലും, തീര്‍ഥാടകന്റെ കനവുകള്‍ (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം മലപ്പുറം അബ്ദുറഹ്മാന്‍ നഗറിലെ പരേതനായ വിഎം അബ്ദുറഹ്മാന്റേയും ഖദീജയുടേയും മകനാണ്‌. ഫാറൂഖ്‌ കോളേജ്‌ ആസാദ്‌ ഭവനില്‍ താമസം. ഭാര്യ ഹാജറ എകെ. മക്കള്‍ റജാ ഖാതൂന്‍, റാജി ഇസ്‌മായില്‍, നാജി ഇസ്‌ഹാഖ്‌, ജാമാതാവ്‌ നിയാസ്‌ അഹമ്മദ്‌.

Leave a Comment

Your email address will not be published. Required fields are marked *