കോഴിക്കോട് : യാന്ത്രികവും പരമ്പരാഗതവുമായ രീതിയിൽ തൊഴിൽ ചെയ്യുന്നവരെ മാത്രമേ നിർമ്മിത ബുദ്ധിക്ക് കീഴ്പ്പെടുത്താനാകൂ എന്ന് കവിയും പ്രഭാഷകനുമായ പ്രൊഫ. കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിന്റെ ഇരുപത്തിനാലാമത് ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ സർഗാത്മകതയോട് തുലനം ചെയ്യുമ്പോൾ ലോഗരിതം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യകൾക്ക് പരിമിതികളുണ്ട്. അതിനാൽ തന്നെ നിർമ്മിത ബുദ്ധിക്ക് മനുഷ്യ സർഗ്ഗാത്മകതയെ പിന്തള്ളാൻ ഒരുനാളും സാധ്യമല്ല. നവീനവും നൂതനവുമായ ആവിഷ്കാരം അവയ്ക്ക് കഴിയില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും മീഡിയവൺ ചാനൽ എഡിറ്റർ പ്രമോദ് രാമൻ നിർവഹിച്ചു. ഒന്നാം റാങ്ക് ജേതാവിന് മാതൃഭൂമി ഏർപ്പെടുത്തിയ സ്വർണ മെഡൽ അമൃത ജി ആറിന് അദ്ദേഹം സമ്മാനിച്ചു.

ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ഐ സി ജെ ഡയറക്ടർ വി ഇ ബാലകൃഷണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ ആശംസ അർപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും ട്രഷറർ പി.വി. നജീബ് നന്ദിയും പറഞ്ഞു




