മലബാറിലെ മാധ്യമപ്രവർത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബ്ബ് രൂപീകൃതമായത് 1970കളുടെ തുടക്കത്തിലാണ്. 1970 ഏപ്രില് 11ന് കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് പത്രപ്രവര്ത്തക യൂണിയന് ജില്ലാ കമ്മിറ്റി പിറന്നത്. ആ വർഷം നവംബർ 16 ന് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. സി. അച്യുതമേനോൻ പ്രസ് ക്ലബ്ബ് കെട്ടിടത്തിന് തറക്കല്ലിട്ടു. റവന്യൂ മന്ത്രി ശ്രീ ബേബിജോണായിരുന്നു അധ്യക്ഷൻ. യൂണിയന്റെ നിവേദനങ്ങളെ തുടർന്നാണ് മുതലക്കുളം മൈതാനത്തിന്റെ എതിർവശത്ത് ഒഴിഞ്ഞുകിടന്ന അഞ്ചു സെന്റ് സ്ഥലം സർക്കാർ അനുവദിച്ചത്.

70 പേരുടെ അംഗത്വത്തിൽ തുടങ്ങിയ കാലിക്കറ്റ് പ്രസ് ക്ലബ്ബിന് ഇന്ന് 600 ഓളം അംഗങ്ങളുണ്ട്. പത്രം, ടെലിവിഷൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങൾ, വാർത്താ ഏജൻസി തുടങ്ങിയ 45ലേറെ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർ കാലിക്കറ്റ് പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അച്ചടി മാധ്യമങ്ങൾക്കുശേഷം വൈകിയാരംഭിച്ച ടെലിവിഷൻ ചാനലുകളുടെ വരവോടെ വാക്കിന്റെയും വർണത്തിന്റെയും കൂടി വാർത്താശേഖരണ കേന്ദ്രമായി കാലിക്കറ്റ് പ്രസ് ക്ലബ്ബ് മാറി. ഇന്ന് ജനങ്ങൾക്കിടയിലെ ശബ്ദവും വെളിച്ചവുമായി മാറിയ കാലിക്കറ്റ് പ്രസ് ക്ലബ്ബ് കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രസ് ക്ലബ്ബുകളിലൊന്നാണ്.

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ രാഷ്ട്രീയ സാംസ്കാരിക നായകന്മാർ വാക്കും പൊരുളുമായി ഈ പ്രസ് ക്ലബ്ബിന്റെ പടികൾ കയറിവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികളുമായും വിവിധ രാഷ്ട്രീയനേതാക്കന്മാരുമായും നടത്തിയ മുഖാമുഖം, മീറ്റ് ദ കാൻഡിഡേറ്റ് പരിപാടികൾ, പ്രസ് ക്ലബ്ബ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ലോകോത്തര സിനിമാപ്രദർശനങ്ങൾ, കാലിക പ്രശ്നങ്ങളിലൂന്നിയുള്ള സെമിനാറുകൾ, മാധ്യമ പ്രവർത്തകർക്കുവേണ്ടിയുള്ള പരിശീലനക്കളരികൾ, പഠന ക്ലാസുകൾ തുടങ്ങിയവ യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ പ്രസ് ക്ലബ്ബുമായി അടുപ്പിച്ചു.
മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പേരിലുള്ള അഞ്ചു പ്രശസ്ത അവാർഡുകൾ വർഷം തോറും കാലിക്കറ്റ് പ്രസ് ക്ലബ്ബ് നൽകിവരുന്നു. സി.എച്ച്.മുഹമ്മദ്കോയ അവാർഡ്, കെ.സി.മാധവക്കുറുപ്പ് അവാർഡ്, മുഷ്ത്താഖ് സ്പോർട്സ് ജേണലിസം അവാർഡ്, പി.ഉണ്ണികൃഷ്ണൻ മെമ്മോറിയൽ അവാർഡ്, തെരുവത്തുരാമൻ എൻഡോവ്മെന്റ് അവാർഡ് എന്നിവയാണിത്.

25 വർഷം മുമ്പാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം കോഴ്സ് ആരംഭിക്കുന്നത്. മാധ്യമപഠനം സാധാരണക്കാർക്കുകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു അതിനുപിന്നിൽ. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന ടി. വേണുഗോപാലായിരുന്നു ആദ്യ ഡയറക്ടർ. ഇന്ന് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന അച്ചടി, ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം മാധ്യമ പ്രവർത്തകരും ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികളാണെന്നു പറയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി ഓഫിസും സിരാകേന്ദ്രവും കൂടിയാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബ്. ശ്രീ പി. അരവിന്ദാക്ഷൻ പ്രസിഡന്റും ശ്രീ പി.ഡി. ദാമോദരൻ സെക്രട്ടറിയുമായി 1970 ൽ തുടങ്ങിയ രാഷ്ട്രീയേതര യൂണിയന്റെ സാരഥ്യം പ്രമുഖരും പ്രശസ്തരുമായ ഒട്ടേറെ പത്രപ്രവർത്തകരുടെ കൈകളിലൂടെ അവരുടെ ഭരണനിർവഹണ മികവിലൂടെ മുന്നോട്ടുപോയി. ഇന്ന് പുതുതലമുറയുടെ സാരഥ്യത്തിൽ പ്രസ് ക്ലബ്ബിന്റെ നില ഭദ്രമാണ്. മെയ്യും മനസ്സും മറന്ന് അവരോരോരുത്തരും നടത്തിയ പ്രവർത്തനമാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്ചത്. പത്രപ്രവർത്തക യൂണിയന്റെ എക്കാലത്തെയും ശക്തനായ നേതാവായിരുന്ന ശ്രീ. മലപ്പുറം പി.മൂസയുടെ പ്രവർത്തന കേന്ദ്രം കോഴിക്കോടായിരുന്നു.അദ്ദേഹത്തിന്റെ സ്മരണക്കായി പ്രസ് ക്ലബ്ബിൽ ‘മലപ്പുറം മൂസ ഹാൾ’ തന്നെയുണ്ട്.

പത്രപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കാനായി വൈകിയെങ്കിലും രൂപീകരിക്കപ്പെട്ട വേജ്ബോർഡ് ശിപാർശകൾ നടപ്പാക്കുന്നതിനും തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മുന്നിൽ നിന്ന് പൊരുതുന്ന യൂണിയൻ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാക്കുന്ന ഭരണകൂട തീരുമാനങ്ങൾക്കെതിരെയും ശക്തമായ നിലപാടെടുത്തു. പോരാട്ട വീര്യത്തിന്റെയും അണയാത്ത ആവേശത്തിന്റെയും ജ്വാലകളായി നിന്ന മുൻകാല നേതാക്കളുടെയും പ്രവർത്തകരുടെയും ത്യാഗത്തിന് മുമ്പിൽ ഈ സുവർണ ജൂബിലി വർഷത്തിൽ അവരോരുത്തരുടെയും മുമ്പിൽ ഞങ്ങൾ ശിരസ്സുകുനിക്കുന്നു.

ഒട്ടേറെ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ച മുതലക്കുളത്തിന് അഭിമുഖമായാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. മുതലക്കുളത്ത് ഇന്ന് കുളമോ മുതലയോ ഇല്ല. എന്നാല് കോഴിക്കോടിന്റെ മൂന്നാം കണ്ണായ രാമദാസ് വൈദ്യർ പൊന്നാടയണിയിച്ച അലക്കുകല്ല് ഇന്നുമുണ്ട്. ആ കല്ലിലടിച്ച് വെളുപ്പിച്ചെടുത്ത ഉടുവസ്ത്രങ്ങൾ ഇപ്പോഴും മുളങ്കമ്പുകളിൽ ഉണക്കാനിടുന്നുണ്ട്. ആ വസ്ത്രങ്ങളോരോന്നും വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി നാണം മറച്ചവയാണ്.
മുതലക്കുളം മൈതാനത്ത് രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങൾ നടക്കുമ്പോൾ ഞങ്ങൾ കാതോടുകാതോരം തേടുന്ന നിങ്ങളുടെ കൂടി രാഷ്ട്രീയ സാംസ്കാരിക അവബോധത്തെ ചേർത്തുപിടിച്ചുകൊണ്ടു പറയട്ടെ, വറ്റാത്ത മഷിയും ഒടിയാത്ത തൂലികയുമായി ഇന്നും ഞങ്ങൾ നിങ്ങളുടെയിടയിൽ തുടരുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളോരോരുത്തരുടെയും ജനാധിപത്യ ജാഗ്രതയും സ്നേഹവും കരുതലുമാണ്. അതെല്ലാം ഞങ്ങൾക്ക് ഇനിയും വേണം…

വരിക സഹർഷം… ആശീർവദിക്കുക സാഹ്ലാദം… ഈ സുവർണജൂബിലി നിങ്ങളുടേതുകൂടിയാണ്.



